3

അവര്‍ പകര്‍ത്തിയ സ്വന്തം ചിത്രം കാണാന്‍ ഇസ്മയില്‍ക്കയെത്തി

ഒടുവില്‍ താനറിയാതെ അവര്‍ പകര്‍ത്തിയ സ്വന്തം ചിത്രം കാണാന്‍ ഇസ്മയില്‍ക്കയെത്തി. ചിത്രം കണ്ടപ്പോള്‍ ആ മുഖത്ത് വിസ്മയം. തുടര്‍ന്ന് കണ്ണുകളില്‍ സന്തോഷത്തിന്റെ നനവ്. കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഫോട്ടോപ്രദര്‍ശനത്തിലാണ് ഈ അപൂര്‍വ്വ സംഭവത്തിന് കളമൊരുങ്ങിയത്.

കോഴിക്കോടിന്റെ കാണാകാഴ്ചകള്‍ തനിമ ചോരാതെ ക്യാമറക്കുള്ളിലാക്കി പ്രദര്‍ശിപ്പിക്കുന്ന ’24 അവേഴ്‌സ് @ കാലിക്കറ്റ്’ എന്ന ഫോട്ടോ എക്‌സിബിഷനില്‍ നഗരത്തിലെ രാത്രി കച്ചവടക്കാരന്റെ ഒരു ചിത്രം സന്ദര്‍ശകരുടെ ശ്രദ്ദ പിടിച്ചു പറ്റിയിരുന്നു. രാത്രി വൈകിയും കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ കച്ചവട സാധനങ്ങളുമായി ആവശ്യക്കാരെയും പ്രതീക്ഷിച്ചിരിക്കുന്ന ഇസ്മയില്‍ ചോലയിലിന്റെ ചിത്രം അദ്ദേഹം അറിയാതെയായിരുന്നു വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയത്.

ആര്‍ട്ട് ഗ്യാലറിക്കു സമീപം കോഴിക്കോട് ടൗണ്‍ ഹാളില്‍ ഇന്നു നടന്ന നാഷനല്‍ ഫുട്പാത്ത് ഉന്തു വണ്ടി പെട്ടിക്കട യൂണിയന്‍ ഏഴാമത് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സുഹൃത്തുക്കള്‍ വഴിയാണ് ഇസ്മയില്‍ക്ക വിവരം അറിയുന്നത്. വിവരമറിഞ്ഞ് പ്രദര്‍ശനം കാണാനെത്തിയ ഇസ്മയില്‍ക്ക സന്ദര്‍ശകരുടെ പുസ്തകത്തില്‍ അഭിപ്രായം രേഖപ്പെടുത്താനും വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കാനും മറന്നില്ല.

ഈ മാസം 23 നാണ് കോഴിക്കോട് നഗരത്തിലെ വിവിധ കാഴ്ചകള്‍ ഉള്‍പ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ പ്രദര്‍ശനം ആര്‍ട് ഗ്യാലറിയില്‍ ആരംഭിച്ചത്. പ്രദര്‍ശനം ഈ മാസം 27 ന് സമാപിക്കും.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*