ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ ഫാറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ കൂട്ടായ്മ

ഫാറൂഖ് കോളേജിനെതിരെ ഒരു വിഭാഗം മീഡിയകള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോളേജില്‍ ലിംഗ വിവേചനം നടക്കുന്നതായി ചില തല്‍പ്പര കക്ഷികള്‍ നവ മാധ്യമങ്ങളെയും ദൃശ്യമാധ്യമങ്ങളെയും കൂട്ടുപിടിച്ച് പ്രചരിപ്പിക്കുന്നതിനെതിരെയാണ് കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്.

പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ബെഞ്ചിലിരുന്ന് പഠിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തുവെന്നാണ് വ്യാജവാര്‍ത്ത സൃഷ്ടിച്ചിരുന്നത്. ഒന്നാം വര്‍ഷ ഭാഷാ പൊതുക്ലാസ്സില്‍ പതിവിന് വിപരീതമായി ചില വിദ്യാര്‍ത്ഥികള്‍ രണ്ടു പ്രത്യേക ബെഞ്ചുകളില്‍ ഇടകലര്‍ന്നു തിങ്ങിയിരുന്നതിനാല്‍ ഇവരോട് അധ്യാപകന്‍ മാറിയിരിക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. സംഭവത്തെ ഊതിവീര്‍പ്പിച്ച് ഇതിന്റെ പേരില്‍ തങ്ങളെ കോളേജില്‍ നിന്നു സസ്‌പെന്‍ഡുചെയ്തുവെന്ന് ഇവര്‍ ചാനലുകളെ വിളിച്ച് അഭിമുഖം നല്‍കി. ചാനലുകള്‍ കൃത്യമായി അന്വേഷണം പോലും നടത്താതെ എക്‌സ്‌ക്ലൂസീവ് വാര്‍ത്തയെന്ന പേരില്‍ സംപ്രേക്ഷണം ചെയ്യുകയായിരുന്നു. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിര്‍മ്മിച്ച ഇരിപ്പിടം ലിംഗ വിവേചനത്തോടെയാണ് നിര്‍മ്മിച്ചതെന്ന രീതിയില്‍ ഒരു മാസം മുമ്പ് പ്രചരണം നടത്തിയിരുന്നു. കണ്‍വെന്‍ഷന്‍ സെന്റെറിന് വേണ്ടി ചെറിയ മരം മുറിച്ചതും ചിലര്‍ വന്‍ വിവാദമാക്കിയിരുന്നു.

കപട വാര്‍ത്തകള്‍ക്കെതിരെ ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ക്യംപസിനുള്ളില്‍ പ്രിതിരോധ വലയം തീര്‍ത്തത്. ഫാറൂഖ് കോളേജില്‍ യാതൊരു വിധത്തിലുള്ള ലിംഗ വിവേചനവും തങ്ങള്‍ക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ലെന്ന് വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്ത-കടപ്പാട്: സുപ്രഭാതം ദിനപത്രം

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*