1970567_10152297202960759_8059634388505699877_n

ഫിസിക്‌സിന് പുതിയ കെട്ടിടം: മുഖ്യമന്ത്രി തറക്കല്ലിട്ടു.

ഫാറൂഖ് : 65 വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പുതിയ അദ്ധ്യായങ്ങള്‍ രചിച്ചുകൊണ്ടിരിക്കുന്ന ഫാറൂഖ് കോളേജിന് ഒരു പൊന്‍ തൂവല്‍കൂടി. മാനേജിംങ് കമ്മറ്റി പ്രസിഡന്റ് പി.കെ. അഹമ്മദ് മുന്‍കൈ എടുത്ത് പി.കെ. ഗ്രൂപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിസിക്‌സിന് വേണ്ടി കാമ്പസില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം സെപ്തംബര്‍ 20 ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ രംഗത്ത്് കേരളം ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ അതില്‍ ഫാറൂഖ് കോളേജിന്റെ പങ്ക് വിസ്മരിക്കാനാകാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളവും സ്വയംഭരണ കോളേജുകള്‍ ആരംഭിക്കാനിരിക്കുമ്പോള്‍ ഫാറൂഖ് കോളേജ് അതിന് തികച്ചും അര്‍ഹതപ്പെട്ടിരിക്കുന്നുവെന്നും ഈ അവസരം മുതലെടുത്ത് മികവിന്റെ പര്യായമായി കോളേജിന് എന്നും നിലനില്‍ക്കാന്‍ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

3.5 കോടി മുതല്‍ മുടക്കിലാണ് പുതിയകെട്ടിടം വരുന്നത്. ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റിന്റെ ആവശ്യങ്ങള്‍ അനുസരിച്ച് റിസര്‍ച്ച് ലാബും, യൂജി-പി.ജി ക്ലാസ് റൂമുകളും മറ്റ് ആധുനിക സൗകര്യങ്ങളുമുള്ള കെട്ടിടമാണ്
നിര്‍മ്മിക്കുന്നത്. ഇതിന് പണം കണ്ടെത്തുന്നത് എങ്ങനെയെന്ന ആലോചനക്കിടയിലാണ് ഫിസിക്‌സ് ബ്ലോക്കിനെ പി.കെ. ഗ്രൂപ്പ് ഏറ്റെടുക്കാമെന്ന് പറഞ്ഞ് മാനേജിംങ് കമ്മറ്റി പ്രസിഡന്റ് പി.കെ. അഹമ്മദ് സ്വമേധയാ രംഗത്തുവന്നതെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അറിയിച്ചു. 20000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്നു നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടം സ്‌പേസ് ആര്‍ട്ട് കാലിക്കറ്റ് ആണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ പണികള്‍ രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഉദ്ഘാടന ചടങ്ങില്‍ കോളേജ് മാനേജിംങ് കമ്മറ്റി പ്രസിഡന്റ് പി.കെ. അഹമ്മദ് സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍, വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, എം.കെ. രാഘവന്‍ എം.പി., സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രഫ. വി.എന്‍. രാജശേഖരന്‍ പിള്ള, ഫാറൂഖ് കോളേജ് മാനേജര്‍ അഡ്വ. എം. മുഹമ്മദ്, റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ പ്രസിഡന്റ് കെ. വി. കുഞ്ഞഹമ്മദ് കോയ, രാമനാട്ടുകര പഞ്ചായത്തു പ്രസിഡന്റ് എന്‍.സി. ഹംസക്കോയ, റിസര്‍വ് ബാങ്ക് എ.ജി.എം. ഹരീഷ് കൊട്ടിയം, പി.ടി.എ വൈസ്് പ്രസിഡന്റ് എന്‍.സി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*